ന്യൂഡൽഹി: മുത്തലാഖ് ജാമ്യംകിട്ടാത്ത ക്രിമിനൽ കുറ്റമാക്കി ലോക്സഭ ഒറ്റയിരിപ്പിൽ പാസാക്കിയ ബില്ലിൽ ഭേദഗതികളുമായി കേന്ദ്രസർക്കാർ. രാജ്യസഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലെന്നിരിെക്ക, ജാമ്യത്തിന് വ്യവസ്ഥ വേണമെന്ന പ്രതിപക്ഷാവശ്യത്തിന് സർക്കാർ വഴങ്ങി. വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ച നിയമഭേദഗതി നിർദേശങ്ങൾ ഉടൻ പാർലമെൻറിൽ വെക്കും. വർഷകാല പാർലമെൻറ് സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിെക്കയാണ് മന്ത്രിസഭ തീരുമാനം. ബില്ലിലെ നിയമഭേദഗതി നിർദേശങ്ങൾ ഇവയാണ്: ഒന്ന്, മുത്തലാഖ് ജാമ്യംകിട്ടാത്ത ക്രിമിനൽ കുറ്റമായി തുടരുമെങ്കിലും ഭാര്യയുടെ വാദം കേട്ടശേഷം ഭർത്താവിന് ജാമ്യംനൽകാൻ മജിസ്ട്രേറ്റിന് ഇനി അധികാരം ഉണ്ടാകും. രണ്ട്, ഭർത്താവും ഭാര്യയും പരസ്പരം പൊരുത്തപ്പെട്ട് മുന്നോട്ടുേപാകാൻ തീരുമാനിച്ചതായി അറിയിച്ചാൽ മുത്തലാഖ് സംബന്ധിച്ച കേസ് അവസാനിപ്പിക്കും.
എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നതിന് ആരുടെ പക്കൽനിന്ന് പരാതി കിട്ടണമെന്ന കാര്യത്തിൽ വ്യക്തത നൽകുന്നതാണ് മൂന്നാമത്തെ ഭേദഗതി നിർദേശം. മുത്തലാഖിന് വിധേയയായ ഭാര്യയോ രക്തബന്ധത്തിൽ പെട്ടവരോ വിവാഹം വഴിയുണ്ടായ ബന്ധുക്കളോ പരാതിപ്പെടണമെന്നതാണ് ഭേദഗതി വ്യവസ്ഥ. മുത്തലാഖ് ചൊല്ലുന്നത് മൂന്നുവർഷംവരെ ജയിൽശിക്ഷ കിട്ടാവുന്ന കുറ്റമായി തുടരും. വിവാഹബന്ധം വേർപെടുത്തപ്പെട്ട ഭാര്യക്ക്, തനിക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ജീവനാംശം തേടി മജിസ്ട്രേറ്റിനെ സമീപിക്കാം. കുട്ടികളെ തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെടാം.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബിൽ പ്രതിപക്ഷ നിർദേശങ്ങൾ തള്ളി ഡിസംബറിലാണ് ഒറ്റദിവസംകൊണ്ട് ലോക്സഭയിൽ സർക്കാർ പാസാക്കിയത്. എന്നാൽ, സർക്കാറിന് അംഗബലം കുറവായതിനാൽ രാജ്യസഭയിൽ കുടുങ്ങി. മുത്തലാഖ് കേസുകളിൽ ഭർത്താവിന് ജാമ്യം കിട്ടണമെന്നത് പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നായിരുന്നു.
മന്ത്രിസഭ അംഗീകരിച്ച നിയമഭേദഗതികളെക്കുറിച്ച് നിയമമന്ത്രി രവിശങ്കർ പ്രസാദാണ് വിശദീകരിച്ചത്. വനിതകളുടെ അഭിമാനത്തിനു വേണ്ടി നിലകൊള്ളുമോ എന്ന് സോണിയ ഗാന്ധിയും കോൺഗ്രസും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങൾ പറഞ്ഞുപരത്തി രണ്ട് പാർലമെൻറ് സമ്മേളന കാലയളവ് പാഴാക്കുകയാണ് സർക്കാർ ചെയ്തതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി പ്രതികരിച്ചു. പറയുന്നതാണോ പാർലമെൻറിൽ എത്താൻ പോകുന്നതെന്ന് ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.